Thursday, August 12, 2021

 ഓർമയിലെ തറവാട് 




നിറം മങ്ങിയ ചുവർ ചിത്രങ്ങളിൽ

എൻ്റെ പൊലിഞ്ഞ സ്വപ്നങ്ങൾ കണ്ടു ഞാൻ

ഇരുൾ വീണ ഇടനാഴികളിൽ

എൻ്റെ കൊലുസിന്റെ താളം കേട്ടു ഞാൻ

ഇളം കാറ്റ് തഴുകിയ തേന്മാവിൽ

എൻ്റെ ബാല്യത്തിൻ ഗന്ധം അറിഞ്ഞു ഞാൻ

 

മങ്ങി നിൽക്കും അസ്തമയ സൂര്യനിൽ

എൻ്റെ ഓർമയിലെ സായാഹ്നങ്ങൾ കണ്ടു ഞാൻ

കുളത്തിൽ വിരിഞ്ഞാടും ആമ്പൽ പൂവിൽ

എൻ്റെ  പൊട്ടിച്ചിരികൾ കേട്ടു ഞാൻ

ഇരുട്ടിൽ പറക്കും മിന്നാമിന്നിയിൽ 

എൻ്റെ നഷ്ട സ്വപ്നങ്ങൾ അറിഞ്ഞു ഞാൻ

 

എല്ലാം ഇന്ന് ഒരു പിടി ഓർമ്മകൾ

വെറും നിറം  മങ്ങിയ ഓർമ്മകൾ മാത്രം !!

Friday, July 31, 2020

  പൊയ് മുഖം




..












നിശബ്ദമായ  നിഗൂഢതയിൽ
ഒരു ക്രൂര പുഞ്ചിരിയായ്
കൂരമ്പിന്റെ തേരോട്ടമായി
നൊടിയിടയിൽ മുഖം മാറും
ഒരു യാന്ത്രിക ബിംബം..

ഓർമയുടെ താളുകളിൽ
കോറിയ  ചോരപ്പാടായ്
വിധിയുടെ വിളയാട്ടമായി
വ്രണിത സ്‌മൃതിയായ് മാറും
ഒരു പൈശാചിക ബിംബം

Wednesday, February 3, 2016

വാർദ്ധക്യത്തിൻ രോദനം 



           






ജരാനരകൾ  ക്ലേശിപ്പിക്കും  ജീർണ്ണതയിൽ
ദുഖാന്ത ജീവനിൽ  ഒരു നെടുവീർപ്പ്
മക്കളാല്‍ വെറുക്കപ്പെടുന്ന
അലസമാം നിമിഷങ്ങളിൽ  ഉറ്റു നോക്കി
സ്വയം മരവിപ്പിലാകുമൊരു ജന്മം

യാഥാർത്ഥ്യത്തിൻ തിരിച്ചറിവിൽ 
നിരാലംബമീ വാർദ്ധക്യം.

വൃദ്ധ സദനങ്ങളിൽ തളക്കപ്പെടുന്ന
ഒരു ശാപമീ വാർദ്ധക്യം.

അഴലിൻ  അശ്രുകണങ്ങൾ മഴയാകുമ്പോൾ 
ജാതകർമ്മത്താൽ ചേർത്ത മക്കൾക്കാവുമോ
  ജരാതുരത്തിൻ  സഹനം..?

ശിഥില ബന്ധത്തിൻ   നൊമ്പരത്തിൽ 
ഉൾച്ചൂടിൻ വിലാപം തേങ്ങലാകുമ്പോൾ 
ചിന്തയിൽ ഭുവിസസിന്റെ ആർത്തിരമ്പൽ 

വിധിയുടെ വിളയാട്ടത്തിൽ 
തകര്ന്നുടഞ്ഞ സ്വപ്ന കൊട്ടാരം
ഇന്നൊരു കണ്ണീരിൻ സാക്ഷി..

പരിത്യജിക്കപ്പെട്ട  മോഹങ്ങൾ
ഇന്നൊരു  താരാട്ടിൻ  പരാതി 
ഇത് പേറ്റു നോവിനുള്ള തിരിച്ചടി 

പടുത്തുയർത്തിയ സ്വപ്നങ്ങൾ  ത്യജിച്ചു
തിരിഞ്ഞു നോക്കാതെ പടിയിറങ്ങുമ്പോൾ 
 മാതൃത്വത്തിനാവുമൊ
മക്കള്ക്കായി  ശാപവാക്കുതിരാൻ?









Wednesday, November 11, 2015

നഷ്ടപ്രണയം 




പ്രണയം ഒരു സാഗരം
ജീവനിൽ തുടിക്കും  വികാരം
ദിനങ്ങൾ  വർഷങ്ങളാക്കി
ജീവിതം മോഹങ്ങളാക്കി

സ്വപ്നത്തെ നീളെ പുൽകി
നിറങ്ങൾ മാത്രം നൽകി

 ഗതിമാറും  മഴയായി
കണ്ണുകൾ പുഴയായി 
 മാഞ്ഞ കിനാവിൻ നൊമ്പരമായി  
തകർച്ചയിൻ അമ്പരപ്പായി
നോവിന്റെ  ഓർമതുള്ളിയായ്
നിനവിൻ ചാരം ഉള്ളിലായ്.....

Sunday, January 4, 2015

Dawn....





Day's beautiful moment starts at dawn,
It finds me in the mysterious hands of night.
It's loveliness does not fade
when the sun rises.

A day starts with a freshness of  the dawn,
It brings a ray of hope
which binds me with good thoughts
and gives little strive.

A day starts when dusk meets dawn
Begins a day of possibilities
Rose opens petals,
It brings fragrance for the day.

A day starts with a gentle breeze
Birds greet the day by singing
Night is in slumber, dawn arrives
It brings joy for the day........













Friday, January 2, 2015


                         




അമ്മ ഒരു ഓർമ്മ 
(To my MOM in heaven)




ഉരുകുമൊരു മെഴുകുതിരിയായി
എനിക്കായി പൊൻ  പ്രഭയേകി
ജീവിത സാഗരത്തിലാടി ഉലഞ്ഞു
കൈ തന്നു സ്വപ്‌നങ്ങളേകി
മരിക്കാത്ത ഓർമ്മകൾ നൽകി

തിരികെ വരാത്ത ഇ യാത്ര എന്തിനായ് 
തിരിഞ്ഞു നോക്കാതെ പോയതെവിടെ 
മനസ്സിൽ ഒരുപിടി ഓർമ്മകൾ നല്കി 
നേർത്ത ശ്വസം പതിയെ നിലച്ചു 
താരാട്ടിൻ തേങ്ങൽ ബാക്കിയായി

നീറുന്നെന്‍ മനസ്സിലെ വേദനകള്‍
വര്‍ണങ്ങളാക്കി ഞാന്‍ ചിത്രമേകുന്നു
കാലം മറക്കാത്ത കോലങ്ങള്‍ ആടുന്നു
എന്‍ ഹൃത്തടം ഉത്സവ വേദിയാക്കി
അഗ്നി തൻ  ചിറകുകളേന്തി

എന്റെ അമ്മ എൻ  ജീവന്റെ പുണ്യം 
മിന്നി തിളങ്ങിയ ഒരു നക്ഷത്രം മാത്രമായ് 
ശോകാർദ്രമാം  ഇന്നെന്റെ  ജീവിതം 
തമസ്സിൽ എരിഞ്ഞടങ്ങുന്നിന്ന് 
വിധിയുടെ ക്രൂരതക്കൊടുവിൽ .....





















Wednesday, May 4, 2011

                                പ്രണയവര്‍ണ്ണങ്ങള്‍






മുറ്റത്തെ മണല്‍ തരിയില്‍
പതിക്കും മഴത്തുള്ളിക്കുണ്ട്
ഇന്നെന്‍ മറവിയെ  മയക്കും  തണുപ്പ്‌


തുറന്നിട്ട ജനാലയിലൂടെ
കാണും വീഥിക്കുണ്ട്
ഇന്നെന്‍ പ്രാണനെ കൊതിപ്പിക്കും വര്‍ണ്ണം


ഓടുകല്‍ക്കിടയില്‍ വിടവിലൂടെ
തെളിയും വിയത്തിനുണ്ട്
ഇന്നെന്‍ അന്തരംഗം കുളിര്‍പ്പിക്കും നീലിമ


പൂമുഖ വാതിലിലൂടെ
മനം കവരും പനിനീര്‍ പൂവിനുണ്ട്
ഇന്നെന്‍ സ്മരണയെ ഇരട്ടിക്കും അരുണിമ


വിദൂരതയില്‍ അലയടിക്കും
തിരകള്‍ക്കുണ്ട്
ഇന്നെന്‍ പ്രണയത്തെ അറിയിക്കും അഴക്‌


മുറിയില്‍ നിറഞ്ഞു കിടക്കും
പുസ്തകങ്ങള്‍ക്കുണ്ട്
ഇന്നെന്‍ ബാല്യത്തെ അനുസ്മരിപ്പിക്കും സുഗന്ധം


കണ്ണാടിക്കു മുന്നില്‍ തെളിയും
എന്‍ വിസ്മേര വദനത്തിനുണ്ട്
ഇന്നെന്‍ ആത്മാവിനെ ഉണര്‍ത്തും തിളക്കം


വിനിദ്ര നിശായാമങ്ങള്‍ക്കുണ്ട്
ഇന്നെന്‍ കനവുകളെ
നിര്‍ജ്ജാതമാക്കും നിറഭേദങ്ങള്‍


ഓര്‍മകളില്‍ തുടിക്കും
നിന്‍ കരലാളനത്തിനുണ്ട്
ഇന്നെന്‍ പ്രണയത്തെ പുഷ്പ്പിക്കും മധുരിമ


ഏന്റെ ജീവനില്‍ കൂട്ടായി
വന്ന നിന്നിലുണ്ട്
ഇന്നെന്‍ മോഹത്തെ വിലോലമാക്കും തീവ്രത


പരസ്പരം ഒന്നായ നമ്മിലുണ്ട്
നമ്മുടെ പ്രണയത്തെ
സഫലമാക്കും ആര്‍ദ്രത ..















Friday, April 29, 2011

അമ്മത്തൊട്ടില്‍

                                           




നൊമ്പരത്തിന്‍ നനവുള്ള വിഴുപ്പിന്‍ 
ബാക്കിയായ് ഒരു പിറവി


ആരോ  പേറും  ശാപത്തിന്‍
മൂകസാക്ഷിയായ് ഒരു ജന്മം


തീരാദു:ഖത്തിന്‍  പാരവാരത്തില്‍
ഊളിയിടുമൊരു  ജീവന്‍


എല്ലാറ്റിനും  ഒടുക്കം  ഒരു 
അമ്മതൊട്ടില്‍..


നിഷ്കളങ്ക ബാല്യത്തിന്‍ താരാട്ടില്‍
തിരശ്ശീല വീഴ്ത്തുമൊരു മാതൃത്വം


ചൈതന്യം  മാഞ്ഞ  മുഖത്തില്‍
വിഹാസത്തിന്‍ വിഘ്നം


ജീവിത പ്രയാണത്തിന്‍ കാലിടറും 
താളങ്ങളില്‍ പെറ്റമ്മയോടൊരു ചോദ്യം


അമ്മേ..എന്തിനെന്നെ ഉപേക്ഷിച്ചു?


നിഷേധിക്കപ്പെട്ട  മാതൃസ്നേഹം
തിരികെ നല്‍കുമോ എനിക്ക്..


നിന്‍ മടിത്തട്ടില്‍ തലചായ്പ്പാന്‍
കൊതിയായ് ഇന്നിതാ ഞാന്‍


എന്റെ  ഹൃദയസ്പന്ദനങ്ങളില്‍
അമ്മയുടെ  തലോടല്‍


എന്‍  നയനങ്ങളില്‍
നിന്‍  വാത്സല്യത്തിന്‍  ചുംബനം



എല്ലാം  ഒരു മോഹമായി
ഇന്നെന്നില്‍ പെയ്തിറങ്ങും വര്‍ഷം


എന്റെ ഓര്‍കളില്‍ ഞാന്‍ തിരയും
ആ  മുഖം ഇന്നെനിക്ക് അന്യം


ഒരു കിട്ടാക്കനി എന്റെ അമ്മ



സായാഹ്നങ്ങളുടെ അസ്തമയത്തില്‍
ചിന്തകള്‍ക്ക് തിരി കൊളുത്തുമ്പോള്‍


എന്റെ നിറയുന്ന മിഴികളില്‍
ഒരു താരാട്ടിന്‍ നഷ്ടബോധം,


നികൃത ജന്മത്തിന്‍ തുടര്‍ച്ചയില്‍
യാദൃശ്ചികമല്ലാത്ത
വിസ്മൃതിയുടെ പെരുമഴ


എന്റെ ഏകാന്ത വീഥിയില്‍
പതിയും കാല്പ്പാടിനു വേണ്ടി 
ഒരു കാത്തിരിപ്പ്


ഈ കാത്തിരിപ്പെനിക്ക് തരുമോ
എന്റെ സ്വപ്നങ്ങളെ സത്യമാക്കി,,?


അനാഥത്വം പേറി ഹോമിക്കപ്പെടുന്ന
എന്റെ ജീവനില്‍ ഉദിക്കുമോ
പ്രതീക്ഷയുടെ നക്ഷത്രം ..?


എല്ലാം ഒരു ഏകാകിനിയുടെ
കനവുകളായ് പരിണമിക്കുമ്പോള്‍
ഈ പോറ്റമ്മക്കാവില്ലല്ലോ പെറ്റമ്മയാകാന്‍....


________________________________________________


 


Friday, April 1, 2011

                                     ജീവന്‍റെ  വിളക്ക് 




എന്‍റെ  ജീവനില്‍
നീയൊരു കെടാ വിളക്ക്
 എന്‍റെ വേനലില്‍ പെയ്തിറങ്ങിയ മഴ...


അഗാധ പ്രണയത്തിന്‍ അലകള്‍ പോലെ
ആഴിയിന്‍ തിരകള്‍ പോലെ
ധരയില്‍ കുതിരും മഞ്ഞു തുള്ളി പോലെ
എന്‍റെ  മോഹങ്ങളില്‍
നീയൊരു സ്നേഹ സ്പന്ദനം
ആത്മാവില്‍ നിറയും
രാഗ സ്പര്‍ശം.

എന്നിലെ നിന്നെ അറിയുന്നു ഞാന്‍
എന്‍റെ  ഏകാന്തതയില്‍ നീയൊരു
സ്നേഹ സാന്ത്വനം


എന്‍റെ  സ്മൃതിയില്‍ നീ ഒരു പനിനീര്‍ പുഷ്പം
ഒരിക്കലും കൊഴിയാത്ത നിത്യ പുഷ്പം


നിന്‍ ചുടു നിശ്വാസം ഇന്നെന്‍
മേനിയില്‍ ഒരു സുഗന്ധം
നിന്‍ കര ലാളനമെന്‍ സ്വപ്ന സായൂജ്യം
                       നീ ഏന്റെ പ്രാണന്‍
                       എന്‍റെ  ജീവന്റെ പൂര്‍ണത

Thursday, March 31, 2011

                                              ജന്മ താളം

ഒരു ജന്മത്തിന്‍ ആത്മ നിര്‍വൃതി
  ഇന്നീ താരാട്ട്


പിറന്നു വീണ പൊന്നോമന
          ഇന്നിന്റെ പ്രതീക്ഷ




മുത്തശ്ശി വദനം ചിരിയാകും പോലെ
ഓമന പുഞ്ചിരി ഒരു ജീവന്റെ സ്വപ്നം


ഗതി മാറും കാറ്റിന്റെ വേഗം കണക്കെ
കാലം വരുത്തുമീ മാറ്റങ്ങള്‍


 കൊഴിയുന്ന ശൈശവം.....
പടി വാതിലില്‍ എത്തി നില്‍ക്കുമീ ബാല്യം


ആരോ നിയന്ത്രിക്കും പട്ടം പോലെ
ഒരു ലക്ഷ്യ ബോധമായ് പറന്നുയരുന്ന ബാല്യം..


 മാനം മുട്ടെ കനവുകളായി തളിരിടുമൊരു  കൌമാരം...
നിഷ്കളങ്കതയുടെ മൂടുപടം മാറ്റി പ്രത്യക്ഷമാകും
 കാപട്യങ്ങളില്‍ മയങ്ങുമീ കൌമാരം.....


മോഹങ്ങള്‍ നിരാശകള്‍...


എന്തിനെന്നറിയാത്ത...
ഒരു മാത്ര ചിന്തിക്കാത്ത...
          തീരുമാനങ്ങള്‍  ..


ആടി ഉലയുന്ന ജീവിത നൌകയില്‍
ജന്മത്തിന്റെ തിരിച്ചറിവില്ലാത്ത ഒരു പകുതി


ആവേശ തീക്ഷ്ണതയില്‍
 കത്തി ജ്വലിക്കുമീ യൌവനത്തില്‍
ജീവിതം ഒരു ചോദ്യ ചിഹ്നം


എങ്ങോ എപ്പോഴോ എത്തിപ്പെടുന്ന
യാഥാര്‍ത്ഥ്യത്തിനു കുറഞ്ഞ ആയുസ്സ് മാത്രം,,


കാലചക്രത്തിന്റെ തിരിച്ചിലില്‍
ഒരു തിരിച്ചറിവിന്റെ കടന്നു കൂടല്‍


പിന്നെയോ??
 എല്ലാം പഴങ്കഥകള്‍ ആകുന്ന ഒരു വാര്‍ദ്ധക്യം..


ഇത് ഒരു ജന്മത്തിന്റെ താളം
രംഗ ബോധമില്ലാത്ത കോമാളിയുടെ
 കൈപ്പിടിയില്‍ പിടയുമ്പോള്‍


              നാം ഉത്തരം തേടണം


  ഈ ജന്മം ........
ഒരു പുണ്യമോ...?
അതോ പാപമോ..?

Monday, March 28, 2011

                          നഷ്ട സ്വപ്‌നങ്ങള്‍



നോവുന്ന തേങ്ങല്‍
എന്‍ ഹൃദയത്തിന്‍ താളം

നീറുന്ന മനസ്സ്
എന്‍ ജീവന്‍റെ ചിഹ്നം

എങ്ങോ മറന്ന മന്ദ സ്മിതങ്ങള്‍
ഇന്നെന്‍ വിതുമ്പുന്ന ഓര്‍മ

പോയ നാളിന്‍ വദനം
എന്‍ മോഹ സാഫല്യം

വരും നാളിന്‍ വിജനത
ഇന്നെന്നില്‍ ജനിച്ച ഭീതി

നിശാ യാമങ്ങള്‍
ഇന്നെന്‍ പേടി സ്വപ്നം

നിറ നിലാവുകള്‍
ഇന്നെന്‍  കൂട്ടുകാര്‍

എല്ലാം എല്ലാം
എന്‍റെ നഷ്ട സ്വപ്‌നങ്ങള്‍ ......


Thursday, March 17, 2011

            പൊലിഞ്ഞുപോയ നക്ഷത്രം .....(സൌമ്യ)


കാലത്തിന്‍റെ കുത്തൊഴുക്കില്‍ ആടി ഉലയുന്ന
ഒരു തോണി ജീവിതം

മാറുന്ന മുഖങ്ങള്‍..
മങ്ങുന്ന വര്‍ണ്ണങ്ങള്‍..

സ്വപ്‌നങ്ങള്‍ നെയ്തെടുത്ത
അവള്‍ ഇന്ന് ഒരു പിടി ചാരം മാത്രം

ക്രൂരതയുടെ കരാള ഹസ്തങ്ങളില്‍ പിടഞ്ഞപ്പോള്‍
അവള്‍ അറിഞ്ഞിരുന്നോ തന്‍റെ ജീവിതത്തില്‍ ഇനി ബാക്കി  
 ചിറകു മുളച്ചു വരുന്ന കുറെ സ്വപ്‌നങ്ങള്‍ മാത്രമെന്ന്‍?

ജീവിതം എന്തെന്ന് അറിയുന്നതിന് മുന്പേ
അണഞ്ഞു പോയ ആ തിരിനാളം
ഇന്ന് ഒരു ചുവര്‍ ചിത്രം മാത്രം .....

ദയ എവിടെ..?നീതി എവിടെ..?
എല്ലാം അര്‍ത്ഥശൂന്യമായ വെറും പദങ്ങള്‍ മാത്രം

കഴുകന്‍  കണ്ണുകളാല്‍ വേട്ടയാടപ്പെടുന്ന 
ഒരു തലമുറ..
എവിടെയുണ്ട് ഒരു മോചനം ..?
എവിടെയുണ്ട്   ഒരു  രക്ഷ ..?

എല്ലാ ഓര്‍മ്മകളും  ബാക്കി  നില്‍ക്കെ അവള്‍ പോയി
തിന്മയുടെ ഈ ലോകത്ത് നിന്ന്‍
കൊടും ക്രൂരതയുടെ ഒരു ബലിയാടായി .........

കാലം ഉണക്കാത്ത മുറിവുകളുടെ പട്ടികയില്‍
ഇനി ഒരെണ്ണം കൂടി........

Friday, March 11, 2011

ജീവിതസുഗന്ധം

            

            ജീവിതം ഒരു യാഥാര്‍ത്ഥ്യം..
മനുഷ്യമനസ്സുകളുടെ പിടിയിലൊതുങ്ങാത്ത
           വ്യത്യസ്ത ഭാവഭേദങ്ങളുടെ ഒരു ചിത്രം.. 

ഈ ജീവിതം..എനിക്ക് മോഹങ്ങള്‍ തന്നു..
           മോഹങ്ങള്‍ സ്വപ്‌നങ്ങള്‍ തന്നു..
സ്വപ്‌നങ്ങള്‍ പ്രതീക്ഷകള്‍ തന്നു..
           
           നിറങ്ങളെ വെട്ടിപ്പിടിക്കാന്‍ വെമ്പിയപ്പോള്‍,,
ഞാന്‍ അറിഞ്ഞു എന്‍റെ സ്വപ്നങ്ങളെല്ലാം 
           വെറും പാഴ്സ്വപ്നങ്ങളെന്ന്‍...

ഇരുള്‍  മൂടിയ മുന്‍പോട്ടുള്ള വഴികളില്‍ ഞാന്‍
          ഏകയെന്ന്‍ മനസ്സിലാക്കിയ നിമിഷം 
പകച്ചു നോക്കിയത് മരണമേ നിന്നെയായിരുന്നു..
           
           ജീവിതത്തിനും മരണത്തിനും  ഇടക്കുള്ള  
അന്തരം  കുറയുന്നു ....എല്ലാ  യാഥാര്‍ത്ഥ്യങ്ങളും
           മിഥ്യയാക്കപ്പെടുന്ന ഈ  ലോകം
എനിക്ക്  തന്ന  എല്ലാ  കെട്ടുപാടുകളും പൊട്ടി
           ച്ചെറിയുന്ന,, സ്വന്തബന്ധങ്ങള്‍  മറന്ന്‍
എന്നിലേക്ക്  അലിഞ്ഞ്  ഇല്ലാതെയാകുന്ന,,
           ആ  നിമിഷം  എത്രയോ  സുന്ദരം ...

ഒരു തിരിഞ്ഞു നോട്ടം,, ഞാന്‍  എന്ത്  നേടി ?
            ജീവിക്കാന്‍  കൊതിപ്പിക്കുന്ന  കുറെ
സ്വപ്നങ്ങളോ ? അതോ  ജീവിതം  വെറുക്കുന്ന 
           കുറെ സത്യങ്ങളോ ? 

എല്ലാം !! അണയുന്നതിന് മുന്‍പുള്ള ആളിക്കത്തല്‍
           മാത്രം ...അല്ലയോ  ജീവിതമേ ,,
ഞാന്‍  നിന്നെ  സ്നേഹിച്ചിരുന്നു.....
           ഒരുപക്ഷെ എന്നേക്കാള്‍ അധികം...
____________________________________________________

Friday, March 4, 2011



മഴ....ഓര്‍മ്മയുടെ 
                    ഒരു നനുത്ത തലോടല്‍,,
തലോടല്‍..കനവുകളുടെ 
                    തൂവല്‍ സ്പര്‍ശം ,,
സ്പര്‍ശം..പ്രതീക്ഷകളുടെ 
                     പന്ഥാവ്,,
മധുരസ്മരണകളുടെ 
                     നൊമ്പരം ,,                      
നൊമ്പരം..ഹൃദയത്തിന്‍റെ 
                     സുഖമുള്ള താളം,, 
താളം..എന്നിലേക്ക്  
                     പടരുന്ന നീ ,,
നീ..എന്‍റെ ആത്മാവില്‍ 
                     വിടരുന്ന പുഷ്പം,,
പുഷ്പം..പൊഴിയാതെ 
                     പരത്തുന്ന സുഗന്ധം,,
സുഗന്ധം..എന്നില്‍ 
                     നിറയുന്ന  വിരഹം,,
വിരഹം..ശരീരത്തില്‍ നിന്നും 
                     ആത്മാവിലേക്കുള്ള ദൂരം,,
ദൂരം..അകലുംതോറും  
                      കുറയുന്നത്,,
കുറയുന്നത്.......
                      എനിക്ക് നിന്നോടുള്ളത്...
_____________________________________________